സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ വനിത നഴ്സുമാരുടെ ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. മെയ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൊച്ചിയിൽ വെച്ചായിരിക്കും അഭിമുഖം നടക്കുക. യോഗ്യത, പ്രവൃത്തിപരിചയം , ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
നിലവിൽ 50 ഒഴിവുകളാണ് ഉള്ളത്. ഐ സി യു, എൻ ഐ സി യു, പി ഐ സി യു, ഡയാലിസിസ്, ഒ ആർ, എമർജൻസി, ജനറൽ നഴ്സിങ് വിഭാഗത്തിലാണ് നിയമനം സലഭിക്കുക.
ബിഎസ് സി നഴ്സിങ്ങും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളമായ 3500 റിയാൽ ലഭിക്കും. ഇതുകൂടാതെ 500 റിയാൽ ഹൗസിങ് അലവൻസായും 400 റിയാൽ ടിഎയും ഉണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒഡപെകിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് –https://odepc.kerala.gov.in/job/recruitment-of-female-bsc-nurses-to-ministry-of-health-
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
തിരുവനന്തപുരം പൂജപ്പുര എൽ ബിഎസ് വനിതാ എൻജിനീയറിങ് കോളേജിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലാണ് നിയമനം. കരാർ നിയമനമാണ്. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മെയ് 13 നാണ് പരീക്ഷ നടക്കുന്നത്. എ ഐ സി ടി ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 12 ആണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മെയ് 13 ന് അസൽ സർട്ടിഫിക്കറ്റുകൾ കൈയ്യിൽ കരുതണം.
കൂടുതൽ വിവരങ്ങൾക്ക് www.lbt.ac.in .
പ്ലാനിംഗ് അസിസ്റ്റന്റ് നിയമനം; ശമ്പളം 30,000 രൂപ
സംസ്ഥാന ആസൂത്രണ ബോർഡ് ആസ്ഥാന കാര്യാലയത്തിലേക്ക് ജിഐെസ് പ്ലാനിംഗ് അസിസ്റ്റന്റിന്റെ ഒഴിവ്. കരാറടിസ്ഥാനത്തിലാണ് നിയമനം ലഭിക്കണം. ജോഗ്രഫിയിൽ ബിരുദാനന്തര ബിരുദം / ജി ഐ എസ് / റിമോട്ട് സെൻസിംഗ് ബിരുദവും ജി ഐ എസ് ആപ്ലിക്കേഷനുകളിൽ അറിവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. 4 മാസത്തേക്കാണ് നിയമനം ലഭിക്കുക. പ്രതിമാസം 30,000 ശമ്പളമായി ലഭിക്കും. മെയ് 6 നാണ് അഭിമുഖം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ പട്ടം ആസ്ഥാന കാര്യാലയത്തിൽ രാവിലെ 10 ന് മുൻപായി എത്തണം.
അഭിമുഖം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പിലേക്ക് ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി/ മൂന്ന് വർഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 33 വയസാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം അപേക്ഷിക്കണം. മെയ് 5 ആണ് അവസാന തീയതി. അപേക്ഷിക്കാനുള്ള മേൽവിലാസം ktu.cvcamp@gecbh.ac.in കൂടുതൽ വിവരങ്ങൾക്ക് : http://www.gecbh.ac.in, 0471 – 2300484.
ഒഴിവ്
തൃശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒഴിവ്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവാണിത്. ബിരുദമാണ് യോഗ്യത. ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 36 വയസ്. ഉദ്യോഗാർഥികൾ മെയ് 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.