റിയാദ്: സൗദി അറേബ്യയിൽ ഹുറൂബായ പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരമൊരുങ്ങി. ഇന്നലെ മുതൽ പുതിയ ആനുകൂല്യം നിലവിൽ വന്നതായി ഖിവ പ്ലാറ്റ്‌ഫോം അറിയിച്ചു. തൊഴിലാളി തന്റെ കീഴിൽ നിന്ന് ജോലിയിൽ നിന്ന് ഒഴിവായെന്ന് മന്ത്രാലയത്തിൽ രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് ഹുറൂബ്. നിരവധി പ്രവാസികൾക്ക് നീക്കം ഗുണമാകും.
തൊഴിൽ സ്ഥലങ്ങളിൽ നിന്ന് മുങ്ങിയതായി തൊഴിൽ, ആഭ്യന്തരമന്ത്രാലയങ്ങളുടെ സിസ്റ്റങ്ങളിൽ തൊഴിലുടമ രേഖപ്പെടുത്തുന്ന പരാതിയാണ് ഹുറൂബ്. ഇംഗ്ലീഷിൽ ആപ്സന്റ് ഫ്രം വർക്ക് എന്നാണ് ഇത്തരക്കാരുടെ രേഖകളിലുണ്ടാവുക. തൊഴിലുടമയുമായുള്ള തർക്കത്തിനൊടുവിലാണ് മുമ്പ് സ്‌പോൺസർമാരൊക്കെ ഇത്തരത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ തൊഴിലാളിക്ക് നാടുകടത്തൽ കേന്ദ്രം വഴി മാത്രമേ നാട്ടിലേക്ക് പോകാൻ കഴിയൂ. സൗദിയിലേക്ക് നിശ്ചിത കാലം വിലക്കുമുണ്ടാകും.
നിലവിൽ തൊഴിൽ കരാർ റദ്ദായി രണ്ട് മാസം കഴിഞ്ഞാലേ ഹൂറൂബാകൂ. സ്‌പോൺസർക്ക് പഴയ പോലെ ഹുറൂബ് ആക്കാനാകില്ല. ഇന്നലെ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം, പഴയ ഹുറൂബ് കേസുകളും ഒഴിവാക്കാം. ഇതിനായി പുതിയ തൊഴിലുടമയെ കണ്ടെത്തി അവരുടെ സ്പോൺസർഷിപ്പിലേക്ക് മാറണം. ഖിവ പ്ലാറ്റ്‌ഫോം വഴി ഇത് പൂർത്തിയാക്കാം. ഇതോടെ ഹുറൂബ് സ്റ്റാറ്റസ് ഇല്ലാതാവും. പിന്നീട് താമസ രേഖയായ ഇഖാമ പുതുക്കാനും സാധിക്കും. പുതിയ നീക്കം മലയാളികളടക്കം ആയിരങ്ങൾക്ക് ഗുണമാകും.