കോഴിക്കോട്: കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ചിരട്ടയും തേങ്ങയും തമ്മിലൊരു മത്സരമുണ്ടാകാൻ സാധ്യതയുണ്ട്. വിപണിയിൽ നിന്ന് വരുന്ന വിവരങ്ങൾ പറയുന്നത് ചിരട്ട ‘കൈവിട്ടു’ പോയെന്നാണ്. തേങ്ങയെടുത്ത് കഴിഞ്ഞാൽ അടുപ്പിലേക്കും പറമ്പിലേക്കും വലിച്ചെറിഞ്ഞ കാലമൊക്കെ ചിരട്ടയുടേത് കഴിഞ്ഞു. ഒരു കിലോ ചിരട്ടയുടെ വില കേട്ടാൽ ഞെട്ടുന്ന വിലയിലേയക്കെത്തിക്കഴിഞ്ഞു.
പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർ പ്ലാസ്റ്റികിനും പേപ്പറിനും മുമ്പെ ചോദിക്കുന്നത് ചിരട്ടയുണ്ടോ എന്നാണ്. ഒരു കിലോ ചിരട്ട 31 രൂപക്കാണ് മൊത്തക്കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽ നിന്ന് ചിരട്ട സംഭരിക്കുന്നതെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഒരു കിലോ ചിരട്ടക്ക് നാട്ടിൻപുറത്തെ ആക്രി കടകളിൽ 20 രൂപ മുതൽ വില ലഭിക്കുന്നുണ്ട്.
പാലക്കാട്ടുനിന്നും തമിഴ്നാട്ടിൽ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ഇത് സംഭരിച്ച് കൊണ്ടു പോകുന്നത്. ചിരട്ടക്കരി ഉൽപാദിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ഇത് ഒരു ഘടകമാണത്രെ. ഇതിനൊപ്പം പുറമെ പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കാറുണ്ട്. എന്നാൽ ഓൺലൈനിൽ കൗതുകവസ്തുവായി രൂപമാറ്റമെത്തിയ രണ്ട് ചിരട്ടകൾക്ക് 349 രൂപവരെയാണ് വില.