കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗം ബ്ലോക്കിൽ കഴിഞ്ഞിരുന്ന 200ലധികം രോഗികളെയാണ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നത്.
സംഭവത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും പുറത്തേക്ക് മാറ്റുന്നുണ്ട്. അഗ്നിശമനസേനയും പൊലീസും ചേർന്ന് രോഗികളെ ഒഴിപ്പിക്കുകയാണ്.
കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലൻസുകൾ രോഗികളെ മാറ്റാനായി ആശുപത്രിയിൽ എത്തുന്നുണ്ട്. ആശുപത്രിയിൽ രോഗികളുമായെത്തിയ 108 ആംബുലൻസുകളും ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയിൽ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ്, രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങി. ഇടക്ക് കുറച്ചുനേരെ വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്കും പുക ഉയരാനും കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടന്‍റ് അറിയിച്ചു.