കോഴിക്കോട് കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരി അറസ്റ്റിൽ

By neena

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്: ലഹരി വില്‍പന, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പനക്കാരി പിടിയിലായി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്പ എന്ന റജീനയെയാണ് കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജ് പി ഐപിഎസിന്റെ കീഴിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നന്നും മാരക ലഹരി മരുന്നതായ 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ആനോറമ്മലിലെ ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മൂന്ന് മാസത്തോളമായി വാടക വീട്ടില്‍ ഭര്‍ത്താവും കൂട്ടാളികളുമൊത്ത് മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് വിശദമാക്കി. ബെംഗളുരുവില്‍ നിന്നും ഒഡിഷയില്‍ നിന്നും കൂട്ടാളികള്‍ എത്തിച്ചു നല്‍കുന്ന ലഹരിവസ്തുക്കള്‍ ഇവരാണ് പാക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത്. മുറിയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെ നിന്ന് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. 2023 മെയില്‍ റജീന ഉള്‍പ്പെടെ നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടില്‍ നിന്നും 9.100 കിലോ ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ താമരശ്ശേരി കൂരിമുണ്ടയില്‍ നാട്ടുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തത് ഇവരുള്‍പ്പെട്ട ലഹരി മാഫിയ സംഘമായിരുന്നു. ഇതുള്‍പ്പെടെ നിരവധി കേസുകളില്‍ റജീനയും കൂട്ടാളികളും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ്പി പ്രകാശന്‍പടന്നയില്‍, താമരശ്ശേരി ഡിവൈ എസ്പി പി. പ്രമോദ്, താമരശ്ശേരി ഇന്‍സ്പക്ടര്‍ സായൂജ്കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം താമരശ്ശേരി എസ്ഐ ബിജു ആര്‍സി, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, ബിജു പി, എഎസ്ഐ ശ്രീജ എടി, എസ്സിപിഒമാരായ ജയരാജന്‍ എന്‍എം, ജിനീഷ് പിപി, പ്രവീണ്‍ സിപി, സിപിഒ മാരായ ശ്രീജിത് സികെ, ജിജീഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

--- പരസ്യം ---

Leave a Comment

error: Content is protected !!