ജൂലൈയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ( സെറ്റ് ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മേയ് 28 ആണ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുള്ള അവസാന തീയതി. കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായും നോണ്‍ – വൊക്കേഷണല്‍ വി എച്ച് എസ് ഇ അധ്യാപകരായും നിയമിക്കപ്പെടുന്നതിന് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസാകേണ്ടത് നിര്‍ബന്ധമാണ്.
പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും ഉള്‍ക്കൊള്ളുന്ന ഒരു പേപ്പറും വിഷയാധിഷ്ഠിതം, ബിരുദാനന്തര ബിരുദ നിലവാരം അളക്കുന്നതിനായി മറ്റൊരു പേപ്പറും ഉണ്ടായിരിക്കും. ഓരോ പേപ്പറിലും 120 മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കേണ്ട 120 ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ അടങ്ങിയിരിക്കും.
എന്നിരുന്നാലും, ഗണിത ങസ്ത്രത്തിനും സ്റ്റാറ്റിസ്റ്റിക്‌സിനും 80 ചോദ്യങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഓരോന്നിനും 1.5 മാര്‍ക്ക് വീതമാണ് നല്‍കുക. നെഗറ്റീവ് മാര്‍ക്കിംഗ് ഇല്ല. പൊതുവിഭാഗം പേപ്പറില്‍ ഓരോ പേപ്പറിലും കുറഞ്ഞത് 40% ഉം മൊത്തത്തില്‍ 48% ഉം മാര്‍ക്ക് നേടിയാല്‍ യോഗ്യത നേടാം. പിന്നോക്ക സമുദായങ്ങള്‍ക്ക് ഓരോ പേപ്പറിലും 35% ഉം മൊത്തത്തില്‍ 45% ഉം പട്ടിക ജാതിക്കാര്‍ / ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഓരോ പേപ്പറിലും 35% ഉം മൊത്തത്തില്‍ 40% ഉം മാര്‍ക്ക് ആണ് വേണ്ടത്.
അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ ബി എഡോ ഉണ്ടായിരിക്കണം. ആര്‍ ഐ ഇയില്‍ നിന്ന് ഗണിതം, ഭൗതിക ശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം അല്ലെങ്കില്‍ സുവോളജി എന്നിവയില്‍ എം എസ് സി-എഡ് (50%) മാര്‍ക്ക് ലൈഫ് സയന്‍സസില്‍ (ബോട്ടണി അല്ലെങ്കില്‍ സുവോളജി) എം എസ്സിയും ബി എഡ്, എം എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (രണ്ടാം ക്ലാസ്, 50%) + ബി എഡ് എന്നിവ അധിക യോഗ്യതയാണ്.
നരവംശ ശാസ്ത്രം, കൊമേഴ്സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, സംഗീതം, തത്ത്വചിന്ത, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ബി എഡ് ആവശ്യമില്ല. അറബി, ഹിന്ദി, ഉറുദു ഭാഷകളില്‍ ഡി എല്‍ ഇ ഡി / എല്‍ ടി ടി സി നേടിയവര്‍ക്കും ഇളവ് ലഭിക്കും. ബയോ ടെക്നോളജിയില്‍ എം എസ് സി (കുറഞ്ഞത് 50%), നാച്ചുറല്‍ സയന്‍സില്‍ ബി എഡ് നേടിയവര്‍ക്കും അര്‍ഹതയുണ്ട്.
ദക്ഷിണ ഭാരത് ഹിന്ദി പ്രചാര് സഭയില്‍ നിന്നുള്ള ബി എഡ് അംഗീകാരമുള്ളതാണ്. അവസാന വര്‍ഷ ബിരുദാനന്തര ബിരുദധാരികള്‍ക്കും ബി എഡ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പിന്നാക്ക സമുദായത്തില്‍ നിന്നുള്ള അപേക്ഷകര്‍ 2024 ഏപ്രില്‍ 29 നും 2025 ഏപ്രില്‍ 31 നും ഇടയില്‍ നല്‍കിയ നോണ്‍ – ക്രീമി ലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ജനറല്‍ വിഭാഗത്തിന് 1,300 രൂപയും എസ് സി, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 750 രൂപയുമാണ് അപേക്ഷ ഫീസ്. ഫീസ് ഓണ്‍ലൈനായി ആണ് അടയ്‌ക്കേണ്ടത്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:-
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി
( കേരള സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനം )
ഫോണ്‍: 0471 2560311
വാട്ട്സ്ആപ്പ്: 9400923669
ഇ – മെയില്‍: lbscentre@gmail.com
വെബ്സൈറ്റ്: lbscentre.kerala.gov.in