കൊയിലാണ്ടി: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ നിർമാണപ്രവൃത്തി തുടങ്ങുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമാണം കരാറെടുത്തത്. പ്രവൃത്തി ഉദ്ഘാടനം 31-ന് വൈകീട്ട് മൂന്നുമണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎയുടെ ഓഫീസിൽനിന്ന് അറിയിച്ചു.
21,77,68,196 രൂപ ചെലവിലാണ് അകലാപ്പുഴയ്ക്ക് കുറുകേ നടേരിക്കടവിൽ പാലം നിർമിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നടേരിക്കടവ് പാലം നിർമാണത്തിന്റെ മേൽനോട്ടച്ചുമതല. 212.5 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക. പാലത്തിന് ഏഴ് സ്പാനുകളായിരിക്കും ഉണ്ടാകുക. കൊയിലാണ്ടി ഭാഗത്ത് സമീപറോഡിന് 450 മീറ്ററും കീഴരിയൂർ ഭാഗത്ത് 20.3 മീറ്റർ നീളവുമുണ്ടാകും. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാൽ പാലത്തിന്റെ സെൻട്രൽ സ്പാനിന് 50 മീറ്റർ നീളമുണ്ടാകും. നടേരിക്കടവിൽ പാലം വന്നാൽ നടുവത്തൂർ വഴി വരുന്ന വാഹനങ്ങൾക്ക് കൊയിലാണ്ടി നഗരത്തിൽ വേഗമെത്താൻ കഴിയും. മുത്താമ്പി അരിക്കുളം ഭാഗത്തുള്ളവർക്ക് കൊല്ലം വിയ്യൂർ ഭാഗത്തേക്ക് പോകാനും എളുപ്പം കഴിയും.
നടേരിക്കടവ് പാലം നിർമാണത്തോടൊപ്പം പെരുവട്ടൂർ-നടേരിക്കടവ്-വിയ്യൂർ-കൊടക്കാട്ടുംമുറി റോഡും വികസിപ്പിക്കണം. പെരുവട്ടൂർ മുക്ക്-വിയ്യൂർ റോഡ്(രണ്ട് കിലോമീറ്റർ) പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും.