സർക്കിൾ ബേസ്ഡ് ഓഫീസർ (CBO) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആകെ 2964 ഒഴിവുകളാണുള്ളത്. ഇതിൽ 2,600 റെഗുലർ ഒഴിവുകളും 364 ബാക്ക്ലോഗ് ഒഴിവുകളും ഉൾപ്പെടുന്നു. ബാങ്കിംഗ് മേഖലയിൽ പ്രൊഫഷണൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം മികച്ചൊരു സാധ്യതയാണ്. അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് 2025 മെയ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
അഹമ്മദാബാദ്, അമരാവതി, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഢ് , ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, ലഖ്നൗ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പാറ്റ്ന, തിരുവനന്തപുരം സർക്കിളുകളില്‍ ഒഴിവുകള്‍ ലഭ്യമാണ്. ഈ തസ്തികകൾ വിവിധ സംസ്ഥാനങ്ങളിലെ SBI ശാഖകളിൽ പ്രവർത്തിക്കുന്നതിനുള്ളതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ സർക്കിളിനുള്ളിൽ തന്നെയാകും ജോലി ചെയ്യേണ്ടി വരിക.

യോഗ്യത
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഗ്രാജുവേഷൻ) അല്ലെങ്കിൽ തത്തുല്യ യോഗ്യത. മെഡിക്കൽ, എൻജിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാം.
എക്സിപീരിയന്‍സ്: 2025 ഏപ്രിൽ 30-ന് അടിസ്ഥാനമാക്കി, ഓഫീസർ തലത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ അല്ലെങ്കിൽ റീജണൽ റൂറൽ ബാങ്കിൽ ഉണ്ടായിരിക്കണം.
പ്രായപരിധി: 2025 ഏപ്രിൽ 30-ന് 21-നും 30-നും ഇടയിൽ (1995 മെയ് 1-നും 2004 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവർ). SC/ST വിഭാഗക്കാർക്ക് 5 വർഷവും, ഒ ബി സിക്ക് 3 വർഷവും, പി ഡ ബ്ല്യൂ ബി ഡിക്ക് 10-15 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-I ൽ 48480 രൂപ അടിസ്ഥാന ശമ്പളത്തിലായിരിക്കും നിയമിക്കുക. ശമ്പള സ്കെയിൽ 48480 രൂപ മുതൽ 85920 രൂപ വരെയാണ്, കൂടാതെ ഡിഎ, എച്ച്ആർഎ/ലീസ് റെന്റൽ, സിസിഎ തുടങ്ങിയ ബാധകമായ അലവൻസുകളും ഇതിൽ ഉൾപ്പെടുന്നു. രണ്ടോ അതിലധികമോ വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അധിക ഇൻക്രിമെന്റ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ എഴുത്തുപരീക്ഷ: ഒബ്ജക്ടീവ് (120 മാർക്ക്, 2 മണിക്കൂർ) + ഡിസ്ക്രിപ്റ്റീവ് (50 മാർക്ക്, 30 മിനിറ്റ്). ഒബ്ജക്ടീവ് ടെസ്റ്റിൽ ഇംഗ്ലീഷ്, ബാങ്കിംഗ് നോളജ്, ജനറൽ അവയർനെസ്/ഇക്കോണമി, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടും. ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം (ലെറ്റർ റൈറ്റിംഗ്, റിപ്പോർട്ട് റൈറ്റിംഗ്) പരിശോധിക്കും.
ഭാഷാ പ്രാവീണ്യം: അപേക്ഷകർ അപേക്ഷിക്കുന്ന സർക്കിളിലെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും പ്രാവീണ്യം നേടിയിരിക്കണം. ഭാഷാ പ്രാവീണ്യത്തിന്റെ തെളിവ്, 10 അല്ലെങ്കിൽ 12 ക്ലാസ് മാർക്ക് ഷീറ്റുകൾ മുഖേന സമർപ്പിക്കണം.
ഇന്റർവ്യൂ: 50 മാർക്കിന്റെ അഭിമുഖമായിരിക്കും നടക്കുക. അന്തിമ മെറിറ്റ് ലിസ്റ്റ് ഓൺലൈൻ പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കും.
അപേക്ഷ ഫീസ്: സർക്കിൾ ബേസ്ഡ് ഓഫീസർ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ജനറൽ, ഇ ഡബ്ല്യൂ എസ്, ഒ ബി സി വിഭാഗങ്ങൾക്ക് 750 രൂപയാണ്. എന്നാൽ, എസ് സി, എസ് ടി, പി ഡബ്ല്യൂ ബി ഡി വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
എങ്ങനെ അപേക്ഷിക്കാം
- എസ് ബി ഐ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
- ആവശ്യമായ വിശദാംശങ്ങൾ, ഫോട്ടോ, ഒപ്പ്, ഡോക്യുമെന്റുകൾ എന്നിവ അപ്ലോഡ് ചെയ്യുക.
- ഫീസ് ഓൺലൈൻ വഴി അടയ്ക്കുക.
- അപേക്ഷാ ഫോം സമർപ്പിക്കുക.